28
Mar 2024 Thursday

ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പ

Dec 7th, 2018

1965-ലെ ഇന്തോ-പാക് യുദ്ധം.

സെപ്തം. 22-നു ഇന്ത്യന്‍ വായുസേനയില്‍ ഫ്ലൈറ്റ് ലെഫ്റ്റനന്‍റായിരുന്ന, നന്ദ എന്ന ചെല്ലപ്പേരുള്ള, കെ. സി. കരിയപ്പയുടെ ഹണ്ടര്‍ വിമാനം പാകിസ്ഥാന്‍ വെടിവച്ചിട്ടു. പരിക്കേറ്റ നന്ദ പാക്ക് തടവുകാരനായി. പാകിസ്ഥാനിലും ഇന്ത്യയിലും വീരപരിവേഷമുണ്ടായിരുന്ന ജന. കെ.എം. കരിയപ്പയുടെ മകനായ നന്ദ തടവിലായതു മാദ്ധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി.

അതിര്‍ത്തിയിലെ പാക് സൈന്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ടു പാക്പ്രസിഡന്റ്‌ അയൂബ് ഖാന്‍ നേരിട്ട് അവരെ വിളിച്ചു നന്ദയുടെ സുഖസൌകര്യങ്ങള്‍ അന്വേഷിച്ചു.

തുടര്‍ന്ന്‍ അയൂബ് ഖാന്‍, മടിക്കേരിയിലായിരുന്ന ജന. കെ. എം. കരിയപ്പയെ ഫോണില്‍ വിളിച്ചു മകനെ ഉടന്‍ വിടുതല്‍ ചെയ്യാമെന്നറിയിച്ചു. ഇതായിരുന്നു ജന. കരിയപ്പയുടെ മറുപടി:

“അവന്‍ ഇപ്പോള്‍ എന്റെ മകനല്ല. ഈ രാജ്യത്തിന്റെ മകനാണ്. മാതൃരാജ്യത്തിനു വേണ്ടി പൊരുതുന്ന ഒരു യഥാര്‍ത്ഥരാജ്യസ്നേഹി. താങ്കളുടെ ഔദാര്യത്തിനു നന്ദിയുണ്ട്. പക്ഷെ, തടവിലായ എല്ലാവരെയും വിടുക. അല്ലെങ്കില്‍ ആരെയും വിടേണ്ട. അവനു പ്രത്യേക പരിഗണനയും കൊടുക്കേണ്ട”.

ജനുവരി 22, 1966-നു തടവുകാരെ കൈമാറ്റം ചെയ്തപ്പോള്‍ നന്ദയും ഇന്ത്യയിലെത്തി. (എയര്‍ മാര്‍ഷലായി 1986-ല്‍ വിരമിച്ചു).

കര്‍ണ്ണാടകയിലെ കുടകുവാസികള്‍ പരമ്പരാഗതമായി പടയാളികളാണ്. കുടകിലെ മടിക്കേരി (മെര്‍ക്കാറ) യില്‍ ജനിച്ച ഫീല്‍ഡ് മാര്‍ഷല്‍ കോദണ്ഡേര മാടപ്പ കരിയപ്പ (28 ജനു. 1899 – 15 മേയ് 1993), ക്വെറ്റ (ഇപ്പോള്‍ പാകിസ്ഥാനില്‍) യിലെ മിലിട്ടറി കോളേജിലെ ആദ്യത്തെ ഇന്ത്യന്‍ ഓഫീസര്‍ ട്രെയിനി ആയിരുന്നു. ലണ്ടനിലെ ഇമ്പീരിയല്‍ ഡിഫെന്‍സ് കോളേജില്‍ എത്തിയ ആദ്യത്തെ ഇന്ത്യാക്കാരനുമായിരുന്നു. ബ്രിട്ടീഷ് സേനാംഗങ്ങളുടെ മേലധികാരിയായി വര്‍ത്തിച്ച ആദ്യത്തെ ഇന്ത്യന്‍ ഓഫീസറും കരിയപ്പ തന്നെ. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ വിദേശത്തു സ്തുത്യര്‍ഹമായി സേവനം ചെയ്തിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധകാലത്തു അയൂബ് ഖാന്റെ മേധാവി ആയിരുന്നു. അവര്‍ സുഹൃത്തുക്കളുമായിരുന്നു.

ബ്രിട്ടീഷുകാരനായിരുന്ന ജന. റോയ് ബുച്ചറില്‍ നിന്നും ജനു. 15, 1949-നു ആദ്യ ഇന്ത്യന്‍ കരസേനാമേധാവിയായി സ്ഥാനമേറ്റു. അതു കാരണം ജനുവരി 15 കരസേനാദിനമായി ആചരിയ്ക്കപ്പെടുന്നു. നാലു വര്‍ഷത്തിനു ശേഷം 1953 ജനുവരി 14-നു വിരമിച്ചു.

ഒരു പ്രലോഭനങ്ങള്‍ക്കും വഴങ്ങാതിരുന്ന ജന. കരിയപ്പ, 1947-ലെ ഇന്തോ-പാക് യുദ്ധകാലത്തു വെടിനിര്‍ത്തലിനുള്ള ജന. റോയ് ബുച്ചറിന്റെ ഉത്തരവു തള്ളുകയും യുദ്ധം തുടര്‍ന്നു പാക് റസാക്കര്‍മാരെ തുരത്തുകയും ചെയ്തു. അത് ഇന്ത്യയുടെ ഒഴിച്ചുകൂടാനാവാത്ത ഒരാവശ്യമായി അദ്ദേഹം കരുതി. കാര്‍ഗിലും ലഡാക്കുമൊക്കെ ഇന്ത്യയുടെ കൈവശമിരിയ്ക്കുന്നത് അതുകൊണ്ടാണ്. യുദ്ധവിരാമത്തെ അദ്ദേഹം ശക്തിയുക്തം എതിര്‍ത്തു. വിദേശയിടപെടലും കേന്ദ്രഗവര്‍മെന്റ് നിര്‍ദ്ദേശവും ഇല്ലായിരുന്നെങ്കില്‍, കശ്മീര്‍ ഭൂരിഭാഗവും കരിയപ്പയുടെ മിടുക്കില്‍ ഇന്ത്യയുടെ കയ്യിലാകുമായിരുന്നു. റോയ് ബുച്ചറിന്റെ കുതന്ത്രങ്ങളായിരുന്നു ഈ പാളിച്ചയ്ക്കു പിന്നില്‍.

നേതാജിയുടെ ഐ.എന്‍.എ. ക്കാരെ സൈന്യത്തിലെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. രാഷ്ട്രീയനിലപാടുകള്‍ ഉള്ളവര്‍ സൈന്യത്തില്‍ പാടില്ല എന്നായിരുന്നു കരിയപ്പയുടെ നിലപാട്. എന്നാല്‍ അവരുടെ ‘ജയ് ഹിന്ദ്‌’ എന്ന അഭിവാദനം അദ്ദേഹം സൈന്യത്തില്‍ ഉപയോഗിയ്ക്കാന്‍ തീരുമാനിച്ചു.

ജന. കരിയപ്പയെ ഇഷ്ടപ്പെടാത്ത അമേരിക്ക അദ്ദേഹത്തെ പറ്റി മോശമായ അഭിപ്രായങ്ങള്‍ അമ്പതുകളില്‍ പടച്ചുവിട്ടു. നുണക്കഥകള്‍ ഉണ്ടാക്കി. 1950-ല്‍ അദ്ദേഹത്തെ ചിലര്‍ വധിയ്ക്കാന്‍ ശ്രമിച്ചുവെന്നും അഞ്ചുപേരെ അതിനു തൂക്കിലേറ്റിയെന്നും എന്നും കഥ മെനഞ്ഞു. കരസേനയില്‍ സിക്കുകാര്‍ക്കു ദക്ഷിണേന്ത്യക്കാരനായ കരിയപ്പയോടു വെറുപ്പാണെന്നും ഓഫീസര്‍മാര്‍ക്കിടയില്‍ ഉത്തര-ദക്ഷിണ പടലപ്പിണക്കത്തിനായി ആര്‍.എസ്.എസ്. ശ്രമിച്ചുവെന്നും അവരുടെ കഥകളില്‍ എഴുതിവിട്ടു. ഇതെല്ലാം നന്ദയും മറ്റുള്ള അഭിജ്ഞരും നിഷേധിച്ചിട്ടുണ്ട്. വാസ്തവത്തില്‍ എല്ലാ ഇന്ത്യന്‍പോരാളികള്‍ക്കും പ്രിയങ്കരനായിരുന്നു ജന. കരിയപ്പ. റോയ് ബുച്ചറിന്റെ കൈകളാണു സി.ഐ.എ. റിപ്പോര്‍ട്ടിന്റെ പിന്നില്‍ എന്നു നിഃസംശയം പറയാം. എങ്കിലും അമേരിക്ക അതു മുഴുവന്‍ വിശ്വസിച്ചോ എന്നു സംശയമുണ്ട്. 1951-ല്‍ യു.എസ്. പ്രസിഡന്റ്‌ ഹാരി ട്രൂമാന്‍ ‘ഓര്‍ഡര്‍ ഓഫ് ദി ചീഫ് കമാന്‍ഡര്‍ ഓഫ് ദി ലെജ്യന്‍ ഓഫ് മെരിറ്റ്’ എന്ന ബഹുമതി നല്‍കിയിരുന്നു. കാരണം – ‘ഇന്തോ-അമേരിക്കന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനകള്‍’!

ഇന്ത്യന്‍ പട്ടാളത്തിന്റെ ശ്രീലങ്കന്‍ യത്നം വിഫലമാവുകയും പട്ടാളം മടങ്ങുകയും ചെയ്തപ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്‍, പട്ടാളത്തിന്റെ പ്രവര്‍ത്തനവും പിന്മാറ്റവും തെറ്റായിരുന്നില്ലേ എന്നു ചോദിച്ചു. ജന. കരിയപ്പയുടെ മറുപടി:

“ഒരു യഥാര്‍ത്ഥസൈനികന്‍ സര്‍ക്കാറിന്റെ ഉത്തരവുകള്‍ അംഗീകരിച്ചേ മതിയാവൂ”.

റിപ്പബ്ലിക്കായ സ്വതന്ത്രേന്ത്യയില്‍ ജനങ്ങള്‍ക്കാണു പരമാധികാരമെന്നും സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിയ്ക്കരുതെന്നും അദ്ദേഹം വിശ്വസിച്ചു.

സൈന്യത്തില്‍ നിന്നു വിരമിച്ച ശേഷം ആസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും ഹൈക്കമ്മീഷണര്‍ ആയിരുന്നു. പിന്നീട്, 1957-ലെ തെരഞ്ഞെടുപ്പില്‍, സുഹൃത്തുക്കളുടെ നിര്‍ബ്ബന്ധപ്രകാരം, അദ്ദേഹം ഉത്തരമുംബൈയില്‍ നിന്നു സ്വതന്ത്രനായി ലോകസഭയിലേക്കു മത്സരിച്ചുവെങ്കിലും വി.കെ. കൃഷ്ണമേനോനോടു പരാജയപ്പെട്ടു.

1986-ല്‍ വൈകിയാണെങ്കിലും, അദ്ദേഹത്തെ ഫീല്‍ഡ് മാര്‍ഷല്‍ ആക്കി. 87 വയസ്സായപ്പോള്‍.

ഒരഭിമുഖത്തില്‍ സംസ്ഥാനരൂപീകരണത്തെ പറ്റി ചോദിച്ചപ്പോള്‍ ഫീല്‍ഡ് മാര്‍ഷലിന്റെ ഉത്തരമിതായിരുന്നു:

“കുടകു കേരളത്തോടു ചേര്‍ക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതായിരുന്നു കുടകുകാരുടെ ആഗ്രഹവും”.

കുടകും വയനാടുമായുള്ള നൂറ്റാണ്ടുകളായുള്ള ബന്ധമായിരുന്നു ഈ അഭിപ്രായത്തിന്റെ പിന്നില്‍ എന്നു കരുതാം.

1993 മേയ് 15 ന് ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പ ബാംഗ്ലൂരില്‍ വച്ച് അന്തരിച്ചു. മടിക്കേരിയില്‍ അദ്ദേഹത്തിനു ചിത തീര്‍ത്തു – ഫീല്‍ഡ് മാര്‍ഷല്‍ മനേക് ഷായുടെയും മൂന്നു സൈന്യമേധാവികളുടെയും സാന്നിധ്യത്തില്‍.

1995-ല്‍ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന്റെ പേരില്‍ പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കി.

പട പലതും പൊരുതി ജയിച്ച ഫീല്‍ഡ് മാര്‍ഷല്‍. കരിയപ്പയുടെ ജീവിതത്തില്‍ ഒരു വമ്പന്‍ തോല്‍വി ഉണ്ടായി. മുപ്പത്തിയെട്ടാം വയസ്സില്‍ പത്തൊന്‍പതുകാരിയായ മുത്തു മാചിയയെ വിവാഹം ചെയ്തു. 1938-ല്‍ നന്ദ ജനിച്ചു. 1943-ല്‍ മകള്‍ നളിനിയും. ഭാര്യയും മക്കളും ഡെറാഡൂണിലും കരിയപ്പ ഡല്‍ഹിയിലും. രണ്ടാം ലോകമഹായുദ്ധകാലം. 1946-ല്‍ ബന്ധം തകര്‍ന്നപ്പോള്‍ മക്കള്‍ രണ്ടും അച്ഛന്റെ കൂടെയായി. മുത്തു 1954-ല്‍ ഒരപകടത്തില്‍ മരിച്ചു. കരിയപ്പയും മുത്തുവും നിയമപരമായി മോചനം നേടിയില്ല എന്നു പറയുന്നുവെങ്കിലും, അച്ഛന്റെ ജീവചരിത്ര(“ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പ”)ത്തില്‍ നന്ദ ഇങ്ങനെ പറയുന്നുഃ

“He had to perforce leave his lovely young wife from time to time, and their two children, on her own. She was lonely, very young, very beautiful and very, very vulnerable. This was the beginning of the end of their marriage. Their divorce was announced in 1946…Mother did come to visit us in Delhi once and only very briefly. We never saw her again because she was killed in a car accident in Madikeri in 1954 …”

Vulnerable (സാഹചര്യങ്ങള്‍ക്കു വഴിപ്പെടാവുന്ന) എന്ന ഒരു വാക്കില്‍ നന്ദ ആ പരാജയത്തെ ഒതുക്കുന്നു.

 

കടപ്പാട് – ഫേസ്ബുക്

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News